അതിദാരിദ്ര്യ നിര്‍മാര്‍ജനം; വീട് ലഭിക്കാനുള്ളത് 672 കുടുംബങ്ങള്‍ക്ക്; പട്ടികയില്‍ വീട് ലഭിക്കാത്തവരില്‍ കൂടുതലും മലപ്പുറത്ത്


3, November, 2025
Updated on 3, November, 2025 5


സംസ്ഥാനം അതിദാരിദ്ര്യമുക്തമായി സർക്കാർ പ്രഖ്യാപിച്ചെങ്കിലും അതിദരിദ്രരുടെ പട്ടികയിൽ ഉൾപ്പെട്ടവരിൽ സ്വന്തമായി വീടില്ലാത്ത 672 കുടുംബങ്ങൾക്ക് ഇനിയും ഭവനം ലഭിക്കാനുണ്ട്. ഇവരുടെ ഭവന നിർമ്മാണം പുരോഗതിയിലാണെന്നും, അതുവരെ ഈ കുടുംബങ്ങളെല്ലാം ബന്ധുവീടുകളിലോ വാടക വീടുകളിലോ സുരക്ഷിതമായി കഴിയുന്നുണ്ടെന്നും സ്റ്റാറ്റസ് റിപ്പോർട്ട് വ്യക്തമാക്കുന്നു.


ആകെ 4,677 കുടുംബങ്ങളെയാണ് പട്ടികയിൽ വീടില്ലാത്തവരായി കണ്ടെത്തിയത്. ഇതിൽ 4,005 കുടുംബങ്ങളുടെ വീടുകളാണ് ഇതുവരെ പൂർത്തീകരിച്ചിട്ടുള്ളത്.


*​വീട് ലഭിക്കാത്ത കുടുംബങ്ങളുടെ ജില്ല തിരിച്ചുള്ള കണക്കുകൾ:*


​മലപ്പുറം: 135

​വയനാട്: 101

​കോഴിക്കോട്: 71

​പാലക്കാട്: 65

​തിരുവനന്തപുരം: 58

​ആലപ്പുഴ: 52

​തൃശൂർ: 43

​കൊല്ലം: 42

​കാസർകോട്: 40

​പത്തനംതിട്ട: 24

​ഇടുക്കി: 4


*​എറണാകുളം, കണ്ണൂർ, കോട്ടയം ജില്ലകളിൽ പട്ടികയിലുള്ള മുഴുവൻ പേർക്കും ഭവന നിർമ്മാണം പൂർത്തിയാക്കി.


വസ്തുവും വീടും ആവശ്യമുള്ള 2,713 കുടുംബങ്ങൾ പട്ടികയിലുണ്ടായിരുന്നു. ഇതിൽ 1,417 കുടുംബങ്ങൾക്ക് മാത്രമാണ് ഇതുവരെ വസ്തുവും വീടും ലഭിച്ചത്. 1,296 കുടുംബങ്ങളുടേത് നടപടികൾ പുരോഗമിക്കുകയാണ്. ഇവരും നിലവിൽ വാടക വീടുകളിലോ ബന്ധുവീടുകളിലോ ആണ് കഴിയുന്നത്.


കൂടാതെ, ഭവന പുനരുദ്ധാരണം ആവശ്യമുള്ള 5,646 കുടുംബങ്ങളിൽ 5,522 കുടുംബങ്ങളുടേത് പൂർത്തിയായി. 124 കുടുംബങ്ങളുടേത് ഇപ്പോഴും പുരോഗതിയിലാണ്.


ആകെ 64,006 പേരാണ് അതിദാരിദ്ര്യ പട്ടികയിൽ ഉൾപ്പെട്ടത്. ഇവരിൽ നിന്ന് മരണപ്പെട്ട 4,445 പേരെയും അലഞ്ഞു നടക്കുന്ന 231 പേരെയും ഇരട്ടിപ്പ് വന്ന 47 പേരെയും ഒഴിവാക്കി. ഭക്ഷണം ആവശ്യമുള്ള 20,648 പേർക്കും, ആരോഗ്യ സേവനങ്ങൾ വേണ്ട 29,427 പേർക്കും, വരുമാന മാർഗം ആവശ്യമുള്ള 4,394 കുടുംബങ്ങൾക്കും സേവനം ഉറപ്പാക്കിയെന്നും റിപ്പോർട്ട്.




Feedback and suggestions