ടുണീഷ്യയിൽ കുടുങ്ങി 48 ഇന്ത്യൻ തൊഴിലാളികൾ; പിന്നിൽ റിക്രൂട്ട്‌മെന്റ് വഞ്ചന


1, November, 2025
Updated on 1, November, 2025 25


റിക്രൂട്ട്മെന്റ് സ്ഥാപനത്തിന്റെ വഞ്ചനയെ തുടർന്ന് ജാർഖണ്ഡ് സംസ്ഥാനത്ത് നിന്നുള്ള ഏകദേശം 48 കുടിയേറ്റ തൊഴിലാളികൾ വടക്കൻ ആഫ്രിക്കൻ രാജ്യമായ ടുണീഷ്യയിൽ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്. പ്രധാനമായും ഹസാരിബാഗ്, ഗിരിദിഹ്, ബൊക്കാറോ ജില്ലകളിൽ നിന്നുള്ള തൊഴിലാളികൾക്ക് വാഗ്ദാനം ചെയ്ത ശമ്പളമോ തൊഴിൽ സാഹചര്യങ്ങളോ ലഭിക്കാത്തതിനെ തുടർന്ന് ഇവർ ദുരിതത്തിലാണ്.


ശരിയായ കരാറുകളും ന്യായമായ വേതനവും വാഗ്ദാനം ചെയ്താണ് തൊഴിലാളികളെ ടുണീഷ്യയിലേക്ക് കൊണ്ടുപോയത്. എന്നാൽ അവിടെയെത്തിയപ്പോൾ, 12 മണിക്കൂറിലധികം ശമ്പളമില്ലാതെ ജോലി ചെയ്യാൻ അവരെ നിർബന്ധിതരാക്കുകയാണ് ഉണ്ടായത്. ഇതിനെതിരെ പ്രതിഷേധിക്കാനോ ഇന്ത്യയിലേക്ക് മടങ്ങാനോ ശ്രമിച്ചാൽ തടവിലാക്കുമെന്ന് ഭീഷണിപ്പെടുത്തുന്നതായും തൊഴിലാളികൾ ആരോപിക്കുന്നു.


കഴിഞ്ഞ മൂന്ന് മുതൽ ആറ് മാസമായി തങ്ങൾക്ക് ശമ്പളം ലഭിച്ചിട്ടില്ലെന്ന് കുടുങ്ങിക്കിടക്കുന്ന തൊഴിലാളികൾ വീഡിയോ സന്ദേശങ്ങളിലൂടെ അറിയിച്ചു. ഇത് കാരണം ഭക്ഷണത്തിനോ നാട്ടിലെ കുടുംബങ്ങളുമായി ആശയവിനിമയം നടത്താനോ പോലും പണമില്ലാതെ വലയുകയാണ്. ഇന്ത്യൻ അധികാരികളുമായി പങ്കിട്ട വീഡിയോ സന്ദേശങ്ങളിൽ, തങ്ങൾ “പട്ടിണി കിടക്കുകയാണെന്നും” “നാട്ടിലേക്ക് മടങ്ങാൻ കാത്തിരിക്കുകയാണെന്നും” തൊഴിലാളികൾ വ്യക്തമാക്കി. റിപ്പോർട്ടുകൾ പ്രകാരം, പ്രേം പവർ കൺസ്ട്രക്ഷൻ പ്രൈവറ്റ് ലിമിറ്റഡ് എന്ന തൊഴിലുടമയാണ് തൊഴിലാളികളെ അവരുടെ തൊഴിൽ നിബന്ധനകളെക്കുറിച്ച് തെറ്റിദ്ധരിപ്പിച്ചതായും കുടിശ്ശികയുള്ള വേതനം നൽകാൻ വിസമ്മതിച്ചതായും ആരോപിക്കപ്പെടുന്നത്.



അതേസമയം, തൊഴിലാളികളുടെ ദുരിത സന്ദേശങ്ങളെ തുടർന്ന് ജാർഖണ്ഡ് തൊഴിൽ വകുപ്പ് വിഷയത്തിൽ ഇടപെട്ടു. കുടുങ്ങിയ തൊഴിലാളികളുമായി ബന്ധപ്പെട്ട വകുപ്പിന്റെ മൈഗ്രന്റ് കൺട്രോൾ സെൽ ഉദ്യോഗസ്ഥർ അവരുടെ സുരക്ഷിതമായ തിരിച്ചുവരവ് ഏകോപിപ്പിക്കുന്നതിനായി ടുണീഷ്യയിലെ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ടിട്ടുണ്ട്. ഉയർന്ന പണപ്പെരുപ്പവും ഭക്ഷ്യക്ഷാമവും നിലനിൽക്കുന്ന ടുണീഷ്യയിൽ പണമില്ലാത്തതിനാൽ പലരും ആഴ്ചകളായി ശരിയായ ഭക്ഷണം കഴിച്ചിട്ടില്ല. കുടുങ്ങിക്കിടക്കുന്നവരെ എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.




Feedback and suggestions