29, October, 2025
Updated on 29, October, 2025 25
പയ്യന്നൂരുകാരനായ ഭാസ്കര പൊതുവാളിന്, റഷ്യയിൽ മെക്കാനിക്കൽ എൻജിനീയറായി ജോലി നോക്കുന്ന മകൻ സുബ്രഹ്മണ്യൻ ഒരു റോബോട്ടിനെ വാങ്ങി നൽകുന്ന കഥ നമ്മൾ മലയാളികൾക്ക് ഏറെ സുപരിചിതമാണല്ലേ? വാർധക്യത്തിൽ തനിക്ക് കൂട്ടായെത്തുന്ന റോബോട്ടിനെ, കുഞ്ഞപ്പനെന്ന് പേരിട്ട് വിളിക്കുന്ന, മുണ്ടും ഷർട്ടും ധരിപ്പിച്ച് സദാ കൂടെ കൊണ്ട് നടക്കുന്ന ഭാസ്കര പൊതുവാളിന്റെ കഥ പറഞ്ഞ ആൻഡ്രോയിഡ് കുഞ്ഞപ്പൻ എന്ന സിനിമ, അത് ഇറങ്ങിയ സമയത്ത് നമ്മളിൽ പലർക്കും സാങ്കല്പികമായിരുന്നെങ്കിൽ, പുതിയ കാലത്ത് ആ സങ്കല്പം യാഥാർഥ്യമാവാൻ പോവുകയാണ്. കുഞ്ഞപ്പന്മാർ, നമ്മുടെ നാടുകളിലും വീടുകളിലും, വിലസി നടക്കുന്ന കാലം അതി വിദൂരമല്ല എന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകളും വാർത്തകളും സൂചിപ്പിക്കുന്നത്.
ബ്രിട്ടനിലെ വർധിച്ചുവരുന്ന സോഷ്യൽ കെയർ പ്രതിസന്ധിക്ക് പരിഹാരമായി റോബോട്ടുകളെ അവതരിപ്പിക്കാനുള്ള നീക്കങ്ങൾ ആരംഭിച്ചതോടെയാണ്, ലോകമെമ്പാടും ഇത്തരത്തിലുള്ള റോബോട്ടുകളെക്കുറിച്ചുള്ള വാർത്തകൾ സജീവമായിരിക്കുന്നത്. ബ്രിട്ടന് സമാനമായ പ്രശ്നങ്ങൾ പല സ്ഥലങ്ങളിലും രൂക്ഷമാകുന്നത്, ഈ വാർത്തയുടെ പ്രാധാന്യം വർധിപ്പിക്കുന്നുണ്ട്.
ബി ബി സി റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, വടക്കുപടിഞ്ഞാറൻ ലണ്ടനിലെ ഒരു ലാബിൽ, ഷാഡോ റോബോട്ട് എന്ന സ്ഥാപനം നിർമ്മിച്ച മൂന്ന് കറുത്ത ‘ലോഹ റോബോട്ടിക് കൈ’കളാണ് ഇപ്പോൾ ശ്രദ്ധയാകർഷിക്കുന്നത്. നാല് വിരലുകളും ഒരു തള്ളവിരലുമുള്ള, മനുഷ്യന്റെ കൈകൾക്ക് സമാനമായ വഴക്കത്തോടെ ചലിക്കുന്ന ഈ കൈകൾ, വീട്ടുജോലികൾ ചെയ്യാനും സോഷ്യൽ കെയറിനും ഉപയോഗിക്കാമെന്നാണ് കമ്പനിയുടെ ഡയറക്ടറായ റിച്ച് വാക്കർ പറയുന്നത്.
“ടെർമിനേറ്ററിനെ സൃഷ്ടിക്കാനല്ല ഞങ്ങൾ ശ്രമിക്കുന്നത്. വീട്ടുജോലികൾ ചെയ്യാനും ജീവിതം മെച്ചപ്പെടുത്താനും കഴിയുന്ന ഒരു പൊതു ആവശ്യ സേവകനെയാണ്”, വാക്കർ പറഞ്ഞു.
കെയർ പ്രതിസന്ധി: റോബോട്ടുകൾ ഒരു പരിഹാരമോ?
ബ്രിട്ടനിലെ കെയർ മേഖല ഗുരുതരമായ പ്രതിസന്ധിയിലാണ്. കഴിഞ്ഞ വർഷം സ്കിൽസ് ഫോർ കെയർ എന്ന ചാരിറ്റിയുടെ റിപ്പോർട്ട് പ്രകാരം ഇംഗ്ലണ്ടിൽ മുതിർന്ന കെയർ തൊഴിലാളികളുടെ 1,31,000 ഒഴിവുകൾ ആണുള്ളത്. കൂടാതെ, 65 വയസ്സിന് മുകളിലുള്ള ഏകദേശം 20 ലക്ഷം ആളുകൾക്ക് വേണ്ടത്ര പരിചരണം ലഭിക്കുന്നില്ല എന്നും ഏജ് ബ്രിട്ടൻ വ്യക്തമാക്കുന്നു.
2050 ആകുമ്പോഴേക്കും ബ്രിട്ടനിലെ നാലിലൊന്ന് ആളുകൾ 65 വയസ്സിന് മുകളിലുള്ളവരായിരിക്കും. ഈ സാഹചര്യത്തിൽ, സാങ്കേതികവിദ്യയെ ആശ്രയിക്കുന്നത് അനിവാര്യമായി മാറുകയാണ്. കെയറിനായി റോബോട്ടുകളെ വികസിപ്പിക്കാൻ മുൻ സർക്കാർ 34 മില്യൺ യൂറോ നിക്ഷേപം പ്രഖ്യാപിച്ചു. അടുത്ത 20 വർഷത്തിനുള്ളിൽ റോബോട്ടുകൾ അവരുടെ ജീവിതത്തിന്റെ ഭാഗമാകുമെന്നും അവർ പ്രത്യാശിച്ചു.
എന്നാൽ, ഈ “ടെക്നോ-സൊല്യൂഷനിസം” (Techno-solutionism) വ്യക്തികളുടെ ഏറ്റവും ദുർബലമായ സമയത്ത് വിശ്വസിക്കാൻ തക്കവണ്ണം സുരക്ഷിതമാണോ എന്ന ചോദ്യവും വ്യാപകമായി ഉയരുന്നുണ്ട്.
ജപ്പാനിലെ പരാജയങ്ങൾ: പ്രതീക്ഷകൾ തകർക്കുമോ?
പ്രായമായവരുടെ ജനസംഖ്യ വർധനവും കെയർ സ്റ്റാഫുകളുടെ കുറവും നേരിടുന്ന ജപ്പാൻ, റോബോട്ടുകളെ കെയർ ഹോമുകളിൽ ഉപയോഗിക്കാൻ തുടങ്ങിയിട്ട് 10 വർഷത്തിലധികമായി. ക്വീൻ മേരി യൂണിവേഴ്സിറ്റി ഓഫ് ലണ്ടനിലെ എഐ സ്പെഷ്യലിസ്റ്റ് ഡോ. ജെയിംസ് റൈറ്റ് ഏഴ് മാസം ജപ്പാനിലെ ഒരു കെയർ ഹോമിലെ റോബോട്ട് ഉപയോഗം നിരീക്ഷിച്ചു.
അദ്ദേഹം പഠിച്ച മൂന്ന് തരം റോബോട്ടുകൾ ഇവയായിരുന്നു:
HUG: കിടക്കയിൽ നിന്ന് വീൽചെയറിലേക്കോ ടോയ്‌ലറ്റിലേക്കോ ആളുകളെ മാറ്റാൻ കെയർ ടേക്കർമാരെ സഹായിക്കുന്ന സങ്കീർണ്ണമായ ഒരു നടത്ത സഹായി.
Paro: കുഞ്ഞ് സീലിന്റെ രൂപത്തിലുള്ള ഈ റോബോട്ട് ഡിമെൻഷ്യ രോഗികളെ ഉത്തേജിപ്പിക്കാൻ വേണ്ടി ഉള്ളതാണ്. ഇവ തലോടുമ്പോൾ പ്രതികരിക്കും.
Pepper: വ്യായാമ ക്ലാസ്സുകൾക്ക് നിർദ്ദേശം നൽകാനായി ഉപയോഗിച്ച, സൗഹൃദ രൂപമുള്ള ചെറിയ ഹ്യൂമനോയിഡ് റോബോട്ട്.
ഡോക്ടറുടെ കണ്ടെത്തലുകൾ ഞെട്ടിക്കുന്നതായിരുന്നു. അമിതജോലിയുള്ള കെയർ വർക്കർമാർ റോബോട്ടുകളെ എളുപ്പത്തിൽ സ്വീകരിക്കുമെന്നാണ് ഡോ. റൈറ്റ് പ്രതീക്ഷിച്ചത്. എന്നാൽ, സംഭവിച്ചത് നേരെ തിരിച്ചാണ്:
“ഏതാനും ആഴ്ചകൾക്ക് ശേഷം കെയർ വർക്കർമാരുടെ പ്രതികരണം വന്നു, റോബോട്ടുകളെ സഹായത്തിനായി ഉപയോഗിക്കുന്നതിനേക്കാൾ കൂടുതൽ ബുദ്ധിമുട്ടാണ്, റോബോട്ടുകൾ കാരണം അവർക്ക് അനുഭവിക്കേണ്ടിവരുന്നത്. കാരണം, ആളുകളെ ശുശ്രൂഷിക്കുന്നതിനേക്കാൾ സമയം അവർക്ക് റോബോട്ടുകൾ വൃത്തിയാക്കാനും ചാർജ് ചെയ്യാനും, തകരാറുകൾ പരിഹരിക്കാനും ആവശ്യമായി വന്നു”. ഡോക്ടർ പറഞ്ഞു.
HUG : താമസക്കാർക്ക് ശല്യമായിമാറിയപ്പോൾ അതിനെ നിരന്തരം മാറ്റി വെക്കേണ്ടി വന്നു.
Paro : അതിനോട് അമിതമായി അടുപ്പം കാണിച്ച ഒരു താമസക്കാരിക്ക് വലിയ തോതിൽ ദുരിതമുണ്ടാക്കി.
Pepper : ഉയരം കുറവായതിനാലും ശബ്ദം വളരെ കടുപ്പമേറിയതിനാലും (high-pitched) ആളുകൾക്ക് അതിൻ്റെ നിർദ്ദേശങ്ങൾ പിന്തുടരാൻ കഴിഞ്ഞില്ല.
ഈ പ്രതികരണങ്ങൾ പിന്നീട് റോബോട്ട് നിർമ്മാതാക്കൾക്ക് കൂടുതൽ പരിഷ്കാരങ്ങൾ വരുത്താൻ പ്രചോദനമായിട്ടുണ്ട്.
ലാബുകളിൽ നിന്ന് യഥാർത്ഥ ലോകത്തേക്ക്: പുതിയ ശ്രമങ്ങൾ
പ്രൊഫസർ പ്രമിന്ദ കാലെബ്-സോളി (നോട്ടിംഗ്ഹാം യൂണിവേഴ്സിറ്റി) റോബോട്ടുകൾ യഥാർത്ഥ ലോകത്ത് ഫലപ്രദമാക്കാൻ ശ്രമിക്കുന്ന ഒരാളാണ്. എമർജൻസ് എന്ന പേരിൽ അവർ സ്ഥാപിച്ച നെറ്റ്‌വർക്ക്, റോബോട്ട് നിർമ്മാതാക്കളെ ഉപയോക്താക്കളുമായി ബന്ധിപ്പിക്കുന്നു. അവർ പ്രായമായവരുമായി സംസാരിച്ചപ്പോൾ ലഭിച്ച ചില ആവശ്യങ്ങൾ ഇവയാണ്:
സംസാരിച്ച് ഇടപെടാൻ കഴിയുന്നതും ഭീഷണിയില്ലാത്തതുമായ രൂപം.
“ക്യൂട്ട്” ആയ ഡിസൈൻ.
റോബോട്ട് സ്വയം ചാർജ് ചെയ്യുകയും വൃത്തിയാക്കുകയും വേണം. (“നമുക്ക് റോബോട്ടിനെ നോക്കണ്ട, റോബോട്ട് നമ്മളെ നോക്കിയാൽ മതി”).
ബ്രിട്ടനിൽ ‘കെയർമാർക്ക്’ എന്ന ഹോം കെയർ സ്ഥാപനം Geni എന്ന ശബ്ദം വഴി പ്രവർത്തിക്കുന്ന റോബോട്ട് പരീക്ഷിക്കുന്നുണ്ട്. ചിലർക്ക് Geni ഇഷ്ടപ്പെട്ടെങ്കിലും, മറ്റുള്ളവർക്ക് അത്ര തൃപ്തികരമായിരുന്നില്ല. എങ്കിലും, ഇത് മനുഷ്യർക്ക് പകരം വെക്കാനല്ല, മറിച്ച് കെയർ ടേക്കർമാർക്ക് ഗുണനിലവാരമുള്ള പരിചരണത്തിനായി കൂടുതൽ സമയം നൽകാൻ വേണ്ടിയാണ് ഉപയോഗിക്കുന്നതെന്ന് ഡയറക്ടർ മൈക്കിൾ ഫോൾക്സ് പറയുന്നു.
മനുഷ്യന്റെ കൈകളുടെ സങ്കീർണ്ണത
ഷാഡോ റോബോട്ട് കമ്പനിയിലെ റിച്ച് വാക്കർ, റോബോട്ടിക് കെയറിലെ ഏറ്റവും വലിയ വെല്ലുവിളിയെക്കുറിച്ച് പറയുന്നതിങ്ങനെയാണ്.
മനുഷ്യന്റെ കൈകൾ പോലെ കൃത്യതയുള്ള ഒരു റോബോട്ടിക് കൈ രൂപകൽപ്പന ചെയ്യുക എളുപ്പമല്ല. പുതിയതായി കണ്ടുപിടിച്ച റോബോട്ട് കൈക്ക് 100 സെൻസറുകളുണ്ട്, റൂബിക്സ് ക്യൂബ് ഒരു കൈകൊണ്ട് ചെയ്യാൻ ഇതിന് കഴിയും. എന്നാൽ, കത്രിക ഉപയോഗിക്കുക, ചെറിയതോ ദുർബലമായതോ ആയ വസ്തുക്കൾ എടുക്കുക തുടങ്ങിയ സൂക്ഷ്മമായ ജോലികൾ ചെയ്യാൻ ഇതിന് ഇപ്പോഴും പ്രയാസമാണ്.
ഇത് പരിഹരിക്കാനായി, ARIA (Advanced Research and Invention Agency) യുടെ ഭാഗമായി റോബോട്ട് ഡെക്സ്ടെറിറ്റി പ്രോഗ്രാം നടത്തിവരികയാണ്. മൃഗങ്ങളുടെ ചലനങ്ങളെക്കുറിച്ച് പഠിച്ചുകൊണ്ടും റോബോട്ടിൻ്റെ രൂപകൽപ്പനയിൽ പുതിയ ചിന്താഗതി കൊണ്ടുവരാൻ പ്രൊഫസർ ജെന്നി റീഡ് ശ്രമിക്കുന്നു.
കൃത്രിമ പേശികൾ (Artificial Muscles)
ഡെന്മാർക്കിലെ പ്ലിയാൻ്റിക്സ് എന്ന സ്ഥാപനം റോബോട്ടിക് മോട്ടോറുകൾക്ക് പകരം ഉപയോഗിക്കാനായി കൃത്രിമ പേശികൾ വികസിപ്പിക്കുന്നുണ്ട്. എൻജിനീയറായ ഗുഗ്ഗി കോഫോഡ് ആണ് ഇതിന് പിന്നിൽ. ഡിമെൻഷ്യ രോഗം ബാധിച്ച അടുത്ത ബന്ധുക്കൾ ഉണ്ടായിരുന്നതിനാലാണ് അദ്ദേഹത്തിന് ഈ വിഷയത്തിൽ താല്പര്യമുണ്ടായത്.
വൈദ്യുത പ്രവാഹം ഏൽപ്പിക്കുമ്പോൾ യഥാർത്ഥ പേശികൾ പോലെ ചുരുങ്ങുകയും വലുതാവുകയും ചെയ്യുന്ന മൃദുവായ വസ്തുക്കൾ കൊണ്ടാണ് ഈ പേശികൾ നിർമ്മിച്ചിരിക്കുന്നത്. ഒരു വസ്തുവിൽ മുറുകെ പിടിക്കുമ്പോൾ ഉള്ള മർദ്ദം തിരിച്ചറിയാനും, അധികം പ്രെസ്സ് ചെയ്യാതെ നിർത്താനും ഈ സാങ്കേതികവിദ്യ ലക്ഷ്യമിടുന്നു.
മനുഷ്യൻ്റെ ഭാവി എന്തായിരിക്കും?
റോബോട്ടുകൾ കെയർ മേഖലയിൽ സ്ഥാനം നേടിയാൽ, അത് മനുഷ്യ കെയർ ടേക്കർമാരുടെ ജീവിതം കൂടുതൽ മോശമാക്കുമോ എന്ന ആശങ്കയാണ് ഡോ. റൈറ്റ് പങ്കുവെക്കുന്നത്.
“സാമ്പത്തികമായി ഈ സംവിധാനം പ്രവർത്തിപ്പിക്കണമെങ്കിൽ, കെയർ വർക്കർമാർക്ക് കുറഞ്ഞ വേതനം നൽകുകയും റോബോട്ടുകൾക്ക് എളുപ്പത്തിൽ പ്രവർത്തിക്കാൻ കഴിയുന്ന രീതിയിൽ കെയർ ഹോമുകൾ നിലവാരമുള്ളതാക്കുകയും വേണം. ഇത് റോബോട്ടുകളെ ‘സേവിക്കാൻ’ വേണ്ടി കെയർ വർക്കർമാർക്ക് കുറഞ്ഞ കൂലി നൽകുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെ കൊണ്ടെത്തിക്കും. റോബോട്ടുകൾ കെയർ വർക്കർമാർക്ക് ഗുണമേന്മയുള്ള സമയം നൽകുമെന്ന കാഴ്ചപ്പാടിന് ഇത് വിപരീതമാണ്.”
എന്നാൽ, ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് പ്രൊഫസർ ഗോപാൽ രാംചുൺ (സൗതാംപ്ടൺ യൂണിവേഴ്സിറ്റി) കൂടുതൽ പോസിറ്റീവായ അഭിപ്രായമാണ് പങ്കുവെക്കുന്നത്. തൊഴിലാളികളുടെ കുറവ് പരിഗണിക്കുമ്പോൾ ഇത് ഒരു വലിയ വ്യവസായമായി മാറുമെന്നതിൽ സംശയമില്ല. ഇലോൺ മസ്കിന്റെ ഒപ്റ്റിമസ് പോലുള്ള ഹ്യൂമനോയിഡ് റോബോട്ടുകൾ വരുന്നു എന്നതും ഒരു യാഥാർത്ഥ്യമാണ്.
വലിയ ടെക് കമ്പനികൾ, ഈ സാങ്കേതികവിദ്യ നമ്മളോട് ചോദിക്കാതെ വിന്യസിക്കുന്നതിന് മുമ്പ്, റോബോട്ടുകൾ നമുക്കുവേണ്ടി പ്രവർത്തിക്കുന്നു എന്ന് ഉറപ്പുവരുത്തുന്നതിന് ആവശ്യമായ നിയന്ത്രണങ്ങളും നിയമങ്ങളും ഇപ്പോൾത്തന്നെ വികസിപ്പിക്കേണ്ടതുണ്ടെന്നും അദ്ദേഹം വാദിക്കുന്നു.
“ആ ഭാവിക്കായി നമ്മൾ തയ്യാറായിരിക്കണം,” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലണ്ടനിൽ സംഭവിച്ചതുകൊണ്ട് ഉടനെ തന്നെ നമ്മുടെ നാട്ടിലും സംഭവിക്കും എന്നല്ല പറഞ്ഞുവരുന്നത്. പക്ഷേ, സാങ്കേതികവിദ്യയിലെ മാറ്റങ്ങൾ വളരെ പെട്ടെന്ന് സാംശീകരിക്കാൻ കഴിവുള്ള ഒരു ജനവിഭാഗം എന്ന നിലയിൽ, കേരളത്തിലും അധികം വൈകാതെ ഇതിന്റെയെല്ലാം പ്രതിഫലനങ്ങൾ കാണുമെന്ന കാര്യത്തിൽ സംശയമില്ല.