28, October, 2025
Updated on 28, October, 2025 14
ശ്രദ്ധേയമായ പ്രവചനങ്ങള്‍ നടത്തി പ്രശസ്തനായ ബാബ വാംഗ സ്വര്‍ണത്തെ കുറിച്ച് പറഞ്ഞിരിക്കുന്ന കാര്യങ്ങളാണ് നിലവില്‍ സാമ്പത്തിക ലോകത്തെ ചൂടുപിടിപ്പിക്കുന്നത്. ഇതുവരെ സ്വര്‍ണം നടത്തിയ പ്രകടനത്തെ അപേക്ഷിച്ച് വലുതായി എന്തോ വരാനുണ്ടെന്ന സൂചനയാണ് വാംഗ നല്‍കുന്നത്. ഇതോടെ സാമ്പത്തിക വിദഗ്ധര്‍ സ്വര്‍ണത്തില്‍ നിക്ഷേപിക്കുന്നവര്‍ക്ക് മുന്‍കരുതല്‍ നിര്‍ദേശങ്ങളും നല്‍കുന്നുണ്ട്. 2026ല്‍ സ്വര്‍ണവിലയില്‍ വന്‍ കുതിച്ചുചാട്ടം സംഭവിക്കുമെന്നാണ് വാംഗ പറഞ്ഞത്. വില കുതിക്കാന്‍ തുടങ്ങിയതോടെ നിക്ഷേപകര്‍, സുരക്ഷിത ലോഹമായ സ്വര്‍ണത്തിലേക്ക് എത്തിയിരുന്നു. വാംഗയുടെ പ്രവചനം വിതയ്ക്കുന്ന ഭീതി സ്വര്‍ണത്തിന്മേലുള്ള ആളുകളുടെ വിശ്വാസം ശക്തിപ്പെടുത്തുന്നു.
ആഗോള സമ്പദ്‌വ്യവസ്ഥ, പണപ്പെരുപ്പം, പലിശനിരക്ക്, ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍ തുടങ്ങി നിരവധി ഘടകങ്ങള്‍ സ്വര്‍ണത്തെ ശക്തിപ്പെടുത്തുന്നു. സമീപ വര്‍ഷങ്ങളില്‍ ആഗോള വിപണികളിലുണ്ടായ അനിശ്ചിതത്വവും സ്വര്‍ണത്തിന്റെ ആവശ്യകത വര്‍ധിപ്പിച്ചു.2026ല്‍ ആഗോള സമ്പദ്‌വ്യവസ്ഥയില്‍ മാന്ദ്യം അല്ലെങ്കില്‍ യുദ്ധം പോലുള്ള എന്തെങ്കിലും ഉണ്ടായാല്‍ സ്വര്‍ണവില തീര്‍ച്ചയായും ഉയരും. കൂടാതെ കേന്ദ്ര ബാങ്കുകളുടെ സ്വര്‍ണം വാങ്ങലുകളും നിക്ഷേപകരുടെ താത്പര്യവും വിലകളെ സ്വാധീനിച്ചേക്കാം.
വാംഗയുടെ പ്രവചനം നിക്ഷേപകര്‍ക്ക് മുന്നില്‍ ചോദ്യ ചിഹ്നമുയര്‍ത്തുന്നുണ്ട്. എന്നാല്‍ ഏതൊരു നിക്ഷേപത്തിന് മുമ്പും സമഗ്രമായ ഗവേഷണം ആവശ്യമാണെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. സ്വര്‍ണം ദീര്‍ഘകാല നിക്ഷേപമാണ്, ഏറ്റക്കുറച്ചിലുകളുണ്ടാകുന്നത് സ്വാഭാവികമാണ്. സ്വര്‍ണത്തില്‍ നിക്ഷേപിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍, വിപണി, ഉപദേശം, സാമ്പത്തിക സ്ഥിതി എന്നിവ പരിഗണിക്കണമെന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.