അതിദാരിദ്ര്യ വിമുക്ത കേരളത്തിൻ്റെ പ്രഖ്യാപന ചടങ്ങിൽ പങ്കെടുക്കുക വഴി നിങ്ങൾ ആ വലിയ നുണയുടെ പ്രചാരകരായി മാറും”; മോഹൻലാലിനും മമ്മൂട്ടിക്കും കമൽഹാസനും ആശാ വർക്കർമാരുടെ കത്ത്


27, October, 2025
Updated on 27, October, 2025 14


തിരുവനന്തപുരം: മോഹൻലാൽ, മമ്മൂട്ടി, കമല്‍ഹാസൻ എന്നിവര്‍ക്ക് തുറന്ന കത്തുമായി സമരം ചെയ്യുന്ന ആശാ പ്രവര്‍ത്തകര്‍. നവംബർ ഒന്നിന് നടക്കാനിരിക്കുന്ന അതിദാരിദ്ര്യ വിമുക്ത കേരള പ്രഖ്യാപനത്തിൽ പങ്കെടുക്കാൻ മോഹൻലാൽ, മമ്മൂട്ടി, കമല്‍ഹാസൻ ക്ഷണിക്കപ്പെട്ട സാഹചര്യത്തിലാണ് ആശാ പ്രവര്‍ത്തകർ കത്തെഴുതിയിരിക്കുന്നത്. മൂന്ന് നേരം ഭക്ഷണം കഴിക്കാനില്ലാത്ത, മക്കളെ പഠിപ്പിക്കാൻ കഴിയാത്ത, മാരക രോഗം വന്നാൽ അതിജീവിക്കാൻ കെൽപ്പില്ലാത്ത, കടക്കെണിയിൽ കുടുങ്ങിയ അതിദരിദ്രരാണ് തങ്ങളെന്നും പ്രഖ്യാപനത്തിന് മുൻപ് സെക്രട്ടേറിയറ്റിന് മുന്നിലെ ആശാപോരാളികളെ വന്ന് കാണണമെന്നും കത്തില്‍ പറയുന്നു. അതിദാരിദ്ര്യ വിമുക്ത കേരളത്തിന്‍റെ പ്രഖ്യാപന ചടങ്ങിൽ പങ്കെടുക്കുക വഴി നിങ്ങൾ ആ വലിയ നുണയുടെ പ്രചാരകരായി മാറും എന്നതിൽ തർക്കമില്ല. അതുകൊണ്ട് ചടങ്ങിൽ നിന്ന് മോഹൻലാലും മമ്മൂട്ടിയും കമൽഹാസനും വിട്ടുനില്‍ക്കണമെന്നും ആശാ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്‍റ് വി.കെ സദാനന്ദൻ, കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എം.എ ബിന്ദു എന്നിവരുടെ പേരിലാണ് കത്ത്. കത്തിന്‍റെ പൂർണരൂപം കഴിഞ്ഞ എട്ടര മാസമായി ഈ മണ്ണിൽ മനുഷ്യോചിതമായി ജീവിക്കുവാനുള്ള അവകാശത്തിനു വേണ്ടി സെക്രട്ടേറിയറ്റിനു മുൻപിൽ സർക്കാരിന്‍റെ അനുഭാവപൂർണ്ണമായ തീരുമാനം കാത്ത് രാപകൽ സമരത്തിൽ ഏർപ്പെട്ടിരിക്കുന്ന ആശാപ്രവർത്തകരായ സ്ത്രീ തൊഴിലാളികളാണ് ഞങ്ങൾ. തീർത്തും നിസ്വരായ ഞങ്ങളുടെ ദാരിദ്ര്യമോ ജീവിതക്ലേശങ്ങളോ തെല്ലും പരിഗണിക്കാതെ കഴിഞ്ഞ 18 വർഷമായി സംസ്ഥാനത്തിന്‍റെ ആരോഗ്യമേഖലയിൽ സമർപ്പിതമായി പ്രർത്തിക്കുന്നവരാണ് ആശമാർ. പകർച്ചവ്യാധികളുടെ നാളുകളിൽ കണ്ണിമയ്ക്കാതെ ഞങ്ങൾ ജനങ്ങളെ പരിചരിച്ചു. രോഗിപരിചരണത്തിനായി രംഗത്തിറങ്ങിയ ഞങ്ങളുടെ 11 സഹപ്രവർത്തകർ കോവിഡ് ബാധിതരായി മരിച്ചു. ആശമാരുടെ നിസ്വാർത്ഥ പ്രയത്നങ്ങളെ മാനിച്ചുകൊണ്ട് ആരോ ഗ്യരംഗത്തെ കാലാൾപ്പട എന്ന് ഞങ്ങൾ വിശേഷിപ്പിക്കപ്പെട്ടു. എന്നാൽ പരമ ദരിദ്രമായ ഞങ്ങളുടെ ജീവിതാവസ്ഥ മെച്ചപ്പെടുത്താനോ ദുരിതങ്ങൾ അവസാനിപ്പിക്കാനോ ഒരു നടപടിയും എവിടെനിന്നും ഉണ്ടായില്ല.




Feedback and suggestions