നടൻ വിജയ്‌യുടെ പാർട്ടിയായ തമിഴക വെട്രി കഴകം (ടി.വി.കെ.). മരിച്ചവരുടെ കുടുംബങ്ങൾക്ക് എല്ലാ മാസവും 5000 രൂപ വീതം സഹായധനം നൽകും


14, October, 2025
Updated on 14, October, 2025 23


ചെന്നൈ: തമിഴ്‌നാട്ടിൽ വലിയ ചർച്ചയായ കരൂർ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങളെ പൂർണമായും ഏറ്റെടുക്കുമെന്ന് പ്രഖ്യാപിച്ച് നടൻ വിജയ്‌യുടെ പാർട്ടിയായ തമിഴക വെട്രി കഴകം (ടി.വി.കെ.). മരിച്ചവരുടെ കുടുംബങ്ങൾക്ക് എല്ലാ മാസവും 5000 രൂപ വീതം സഹായധനം നൽകുമെന്ന് ടി.വി.കെ. അറിയിച്ചു. കൂടാതെ, കുട്ടികളുടെ വിദ്യാഭ്യാസ ചെലവുകൾ പൂർണമായും പാർട്ടി വഹിക്കുമെന്നും, കുടുംബങ്ങൾക്ക് മെഡിക്കൽ ഇൻഷുറൻസ് പരിരക്ഷ നൽകുമെന്നും പ്രഖ്യാപനമുണ്ട്. ഈ കാര്യങ്ങളിൽ ഉറപ്പ് നൽകാനായി ടി.വി.കെയുടെ പ്രത്യേക സമിതി ഇന്ന് കരൂരിലെ വീടുകൾ സന്ദർശിക്കും.



ദുരന്തഭൂമിയിലെ വിജയ്‌യുടെ സന്ദർശന കാര്യങ്ങളും പാർട്ടി വേഗത്തിലാക്കുന്നുണ്ട്. ഈ മാസം 17-ന് വിജയ് എത്തുമെന്ന് നേരത്തെ അനൗദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. എന്നാൽ, സന്ദർശന വിവരം പോലീസിനെ അറിയിക്കുകയും ഡി.ജി.പിയിൽ നിന്ന് കൃത്യമായ അനുമതി വാങ്ങി സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയ ശേഷം മാത്രമായിരിക്കും വിജയ് കരൂരിൽ എത്തുക. ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് പാർട്ടി നേരത്തെ പ്രഖ്യാപിച്ച 20 ലക്ഷം രൂപയും ഈ സന്ദർശന വേളയിൽ ധനസഹായമായി നൽകും. പൊതുപ്രവർത്തനങ്ങളിലേക്ക് ടി.വി.കെ. കൂടുതൽ സജീവമായി ഇറങ്ങുന്നതിന്റെ വ്യക്തമായ സൂചനകളാണ് ഈ പ്രഖ്യാപനങ്ങളിലൂടെ പുറത്തുവരുന്നത്.



അതേസമയം, കരൂർ ദുരന്തത്തിൽ സി.ബി.ഐ. അന്വേഷണത്തിന് സുപ്രീംകോടതി ഇന്നലെ ഉത്തരവിട്ടു. അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ച മദ്രാസ് ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി. വിരമിച്ച ഒരു ജഡ്ജിക്കായിരിക്കും ഈ പ്രത്യേക അന്വേഷണ സംഘത്തിന്റെ മേൽനോട്ട ചുമതല നിർവഹിക്കുന്നത്. സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട് തമിഴക വെട്രി കഴകം സുപ്രീംകോടതിയെ സമീപിച്ചിരുന്നു. വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തിൽ അന്വേഷണം വേണമെന്നും ടി.വി.കെ. ആവശ്യപ്പെട്ടിരുന്നു.


സെപ്റ്റംബർ 27-ന് കരൂർ വേലുചാമിപുരത്ത് ടി.വി.കെ. സംഘടിപ്പിച്ച റാലിയാണ് ദുരന്തത്തിൽ കലാശിച്ചത്. വിജയ്‌യെ കാണാൻ രാവിലെ മുതൽ വലിയ ജനക്കൂട്ടം തമ്പടിച്ചിരുന്നു. ഉച്ചയ്ക്ക് ഒരു മണിക്ക് എത്തേണ്ട വിജയ് ആറ് മണിക്കൂർ വൈകിയാണ് എത്തിയത്. വിജയ് പ്രസംഗം തുടങ്ങിയതോടെ ആളുകൾ കുഴഞ്ഞുവീഴാൻ തുടങ്ങി. തുടർന്ന് പ്രസംഗം അവസാനിപ്പിച്ച വിജയ് ആളുകൾക്ക് കുപ്പിവെള്ളം എറിഞ്ഞു നൽകി. ഇതോടെ കുപ്പിവെള്ളത്തിനായി ആളുകൾ തിരക്ക് കൂട്ടുകയും തിക്കിലും തിരക്കിലുംപെട്ട് അപകടം സംഭവിക്കുകയുമായിരുന്നു.




Feedback and suggestions