Heart attack; MK Muneer’s health condition improving while undergoing treatment
12, September, 2025
Updated on 12, September, 2025 60
കോഴിക്കോട്: മുസ്ലിം ലീഗ് നേതാവും കൊടുവള്ളി എംഎൽഎയുമായ ഡോ. എംകെ മുനീർ ഹൃദയാഘാതത്തെ തുടർന്നു ആശുപത്രിയിൽ. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലാണ് അദ്ദേഹം ചികിത്സയിൽ കഴിയുന്നത്. രക്തത്തിൽ പൊട്ടാസ്യത്തിന്റെ അളവ് കുറഞ്ഞതിന് പിന്നാലെ ഹൃദയാഘാതം കൂടി ഉണ്ടായതോടെയാണ് മുനീറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
മുനീറിന്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് മെഡിക്കൽ ബുള്ളറ്റിൻ അറിയിച്ചു. ആരോഗ്യനില ഗുരുതരമാണെങ്കിലും പോസിറ്റീവായ പ്രതികരണങ്ങൾ കാണിക്കുന്നുവെന്ന് മെഡിക്കൽ ബുള്ളറ്റിനിൽ അറിയിച്ചു.
കഴിഞ്ഞ ദിവസം കൊടുവള്ളി മണ്ഡലത്തിലെ വിവിധ പരിപാടികളിൽ പങ്കെടുത്തതിന് പിന്നാലെ ആയിരുന്നു മുനീറിന് ശാരീരിക അവശത അനുഭവപ്പെട്ടത്. തീവ്ര പരിചരണ വിഭാഗത്തിൽ വിവിധ ഡോക്ടർമാരുടെ മേൽനോട്ടത്തിലാണ് മുനീർ ഉള്ളത്.
എം കെ മുനീറിന്റെ ആരോഗ്യനില മെച്ചപ്പെട്ടുവരുന്നുവെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. എംകെ മുനീറിനെ ചികിത്സിക്കുന്ന ഡോക്ടര്‍ വേണുവുമായി ഫോണില്‍ സംസാരിച്ചിരുന്നുവെന്നും നിലവില്‍ മുനീറിന്‍റെ ആരോഗ്യനില സ്റ്റേബിള്‍ ആണെന്നും വീണാ ജോര്‍ജ് പറഞ്ഞു. അദ്ദേഹം വേഗം രോഗം ഭേദമായി ഡിസ്ചാര്‍ജ് ആകട്ടെ എന്ന് ആശംസിക്കുകയാണെന്നും വീണാ ജോര്‍ജ് ഫേസ്ബുക്കിൽ പങ്കുവെച്ചു.
എം കെ മുനീറിന് വേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് പാണക്കാട് സാദിഖലി തങ്ങളും അഭ്യര്‍ത്ഥിച്ചിരുന്നു. എംകെ മുനീര്‍ എംഎല്‍എയുടെ രോഗശമനത്തിനായി പ്രത്യേക പ്രാര്‍ത്ഥന നടത്താനാണ് സാദിഖലി തങ്ങള്‍ അഭ്യര്‍ത്ഥിച്ചത്. നിലവിൽ കോഴിക്കോട് മെയ്ത്ര ആശുപത്രിയിൽ ഐസിയുവില്‍ കഴിയുകയാണ് മുനീര്‍. പ്രത്യേക മെഡിക്കല്‍ സംഘത്തിന്റെ നിരീക്ഷണത്തിലാണദ്ദേഹം.